രാഷ്ട്രപതി ശബരിമലയിലേക്ക് ; ഹെലികോപ്റ്ററിൽ പ്രമാടത്തെത്തി പമ്പയിൽ കെട്ടുനിറയ്ക്കും:ഭാരതത്തിൻറെ പ്രഥമ വനിതയെ സ്വീകരിക്കാൻ ഒരുങ്ങി സന്നിധാനം; നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷാവലയത്തിൽ
.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങൾ. നിലയ്ക്കൽ മുതൽ സന്നിധാനം സന്നിധാനം വരെ ഓരോ മുപ്പത് മീറ്ററിലും നിരീക്ഷണത്തിനായി വിവിധ സേനകളുടെ ചെക്ക് പോയിന്റുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, കേന്ദ്രസേനകൾ, അഗ്നിശമനസേന, എൻഡിആർഎഫ്, ഫോറസ്റ്റ് എന്നീ വിഭാഗങ്ങളിലെ വിവിധ സേനാംഗങ്ങൾ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ട്. എഡിജിപി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ.. അനുവദിച്ചിരിക്കുന്ന സമയത്ത് സന്നിധാനത്ത് ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഒരുക്കുമെന്നാണ് ലഭ്യമായ വിവരം. ആദ്യമായി ഒരു രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതിൻ്റെ ആകാംക്ഷയിലാണ് ഭക്തജനങ്ങളും ദേവസ്വം ബോർഡ് ജീവനക്കാരുമെല്ലാം. പതിറ്റാണ്ടുകൾക്ക് മുൻപ് വിവി ഗിരി കേരള ഗവർണർ ആയിരിക്കെ ശബരിമല സന്ദർശിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം രാഷ്ട്രപതിയായത്.




