March 14, 2026

മാവേലിക്കരയിൽ രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം : അച്ഛൻ്റെ ഉറ്റസുഹൃത്ത് അറസ്റ്റിൽ

  • October 17, 2025
  • 1 min read
മാവേലിക്കരയിൽ രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം : അച്ഛൻ്റെ ഉറ്റസുഹൃത്ത് അറസ്റ്റിൽ

മാവേലിക്കര- രണ്ടാം ക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കുട്ടിയുടെ അച്ഛൻ്റെ ഉറ്റസുഹൃത്തിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശിനിയായ കുട്ടിക്ക് നേരെയാണ് അതിക്രമം നടത്തിയത്. പ്രതി കുട്ടിയുടെ അച്ഛൻ്റെ സുഹൃത്തും കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനുമാണ്.ഇയാൾ കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്നും കുട്ടിയുടെ അമ്മ അച്ഛനേയും മകളേയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്ത് മാറി താമസിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടു തവണ ആക്രമിക്കപ്പെട്ടു. പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം അച്ഛൻ പുറത്തേക്ക് പോയ സമയം കുട്ടിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. 11നാണ് കേസ്സിനാസ്പദമായ ആക്രമണം ഉണ്ടായത്. അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. പ്രതി സ്ഥിരം വീട്ടിൽ വന്നിരുന്നതിനാൽ കുട്ടിക്ക് പ്രതിയോട് നല്ല അടുപ്പമായിരുന്നു. ഇത് പ്രതി മുതലാക്കുകയായിരുന്നു. 15ന് സ്കൂളിലെത്തിയ 7 വയസ്സുകാരിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് കുട്ടി അധ്യാപരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ച ശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് എടുക്കുകയായിരുന്നു.ഇതിനിടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ, വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ മാവേലിക്കര ഭാഗത്തു നിന്നും പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാൾ കുറത്തികാട് പൊലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *