റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
*റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അസാദുൾ ഇസ്ലാം RPF സംഘത്തിൻ്റെ പിടിയിൽ*റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദുൾ ഇസ്ലാം(25) പോലീസിൻ്റെ പിടിയിൽ.ആസാമിലെ മോറിഗാവ് ആണ് സ്വദേശം. കഴിഞ്ഞദിവസം അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കായി ഐലൻഡ് എക്സ്പ്രസിൻ്റെ S/3 കോച്ചിൽ ഇരുന്ന കൃഷ്ണഭദ്ര എന്ന യുവതിയുടെ കൈവശം ഉണ്ടായിരുന്ന വിവോ കമ്പനിയുടെ ഏകദേശം 40,000 രൂപ വിലവരുന്ന മൊബൈലാണ് പ്രതി ജനലിൽ കൂടി പിടിച്ചുപറിച്ചത്. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഓടിക്കയറാൻ എന്ന വ്യാജേന ട്രെയിന് ഒപ്പം ഓടിയ പ്രതി ജനൽ ഭാഗത്തിരുന്ന യുവതിയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ച് പറിച്ച് രക്ഷപെടുകയായിരുന്നു.ഇന്ന് രാവിലെ പ്രതി അങ്കമാലി റെയിൽവേ പ്ലാറ്റ്ഫോമിൽ ഉണ്ട് എന്ന രഹസ്യവിവരം ലഭിച്ച RPF ആലുവ ഇൻസ്പെക്ടർ A.P. വേണു അങ്കമാലിയിൽ ഉണ്ടായിരുന്ന ക്രൈം സ്ക്വാഡ് അംഗങ്ങളെ വിവരം അറിയിക്കുകയും പ്രതിയെ കൈയോടെ പിടികൂടുകയും ചെയ്തു.തുടർ അന്വേഷണത്തിൽ പ്രതി ട്രെയിനിൽ നിന്ന് പിടിച്ചുപറിച്ച മൊബൈൽ പെരുമ്പാവൂരിൽ മോഷണമുതലുകൾ വാങ്ങുന്ന ആസ്സാം മോറിഗാവ് സ്വദേശി അനുൾ ഹക്ക് എന്ന മറ്റൊരുവന് വിറ്റു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൊണ്ടിമുതൽ സഹിതം അയാളേയും പിടികൂടി.ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നി റെയിൽവേ സ്റ്റേഷനുകളിൽ രാത്രി സമയം കടന്നു പോകുന്ന ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി നോട്ടമിടുന്നത്.കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽനിന്ന് ചാടി പുറത്തിറങ്ങി അതിവേഗത്തിൽ റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകുന്നതാണ് ഇയാളുടെ രീതി.മോഷ്ടിക്കുന്ന മൊബൈലുകൾ തുശ്ചമായ വിലയിൽ പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്ക് മറിച്ച് വിറ്റ് ലഭിക്കുന്ന തുക ലഹരിപദാർത്ഥം വാങ്ങി ഉപയോഗിക്കുന്ന ഇയാൾ ആലുവാ, പെരുമ്പാവൂർ പ്രദേശങ്ങളിൽ ഉള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കുന്നു. RPF തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ യുടേയും, റെയിൽവേ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോർജ് ജോസഫിൻ്റേയും പ്രത്യേക നിർദ്ദേശത്തിൽ RPF ആലുവാ ഇൻസ്പെക്ടർ A.P. വേണു, GRP എറണാകുളം SHO നസ്സറുദീൻ,RPF ആലുവ ASI ജോർജ്ജ്,ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, G.വിപിൻ, അനീഷ് തോമസ്, ഷൈജു, സഹേഷ്, ഷാബു എന്നിവർ ചേർന്ന സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
റിപ്പോർട്ട് അനീഷ് ചുനക്കര




