ഡ്യൂക്ക് ബൈക്കുകൾ അപകടകാരികൾ : കെ.ബി. ഗണേഷ് കുമാർ
ഡ്യൂക്ക് ബൈക്കുകൾ അപകടകാരികളാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറയുന്നു. ഈ ബൈക്ക് ഓടിച്ച 200 പേരിൽ 150 പേരും മരിച്ചുവെന്നും, അതുകൊണ്ട് മാതാപിതാക്കൾ കുട്ടികൾക്ക് ഈ വാഹനം വാങ്ങി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം കൊട്ടാരക്കരയിൽ ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.സെപ്റ്റംബർ ആറിന് രാത്രി 8 മണിക്ക് കടയുടെ മുൻപിൽ റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ഇടിച്ച് ഐസകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെപ്റ്റംബർ 10ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.ഐസക്കിന്റെ കുടുംബം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ഹൃദയമുൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഇതിൽ ഹൃദയം അങ്കമാലി സ്വദേശിയായ അജിൻ ഏലിയാസിന് നൽകി. ബാക്കിയുള്ള അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്കും നൽകിയിട്ടുണ്ട്.



