രോഗികളുമായി പോയ കാറിന് തടസ്സം സൃഷ്ടിച്ചു:തർക്കത്തെ തുടർന്ന് പത്തുപേർക്കെതിരെ കേസ്
രോഗികളുമായി പോകുകയായിരുന്ന കാറിന്റെ താക്കോൽ ബസ് ഡ്രൈവർ ഊരിയെടുത്തു
ചങ്ങരംകുളം:സ്വകാര്യ ബസ് ജീവനക്കാർ കാർ യാത്രികരുമായി കുന്നംകുളത്ത് വെച്ചുണ്ടായ തർക്കത്തിനെ തുടർന്ന് ചങ്ങരംകുളത്ത് സ്വകാര്യ ബസ് തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ ചങ്ങരകുളം പോലീസ് കേസെടുത്തു. സ്ഥലത്ത് എത്തിയ പോലീസിനെ അക്രമിക്കാൻ ശ്രമിച്ചു എന്ന പേരിലും കേസുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ സഫാൻ എന്ന പോലീസുകാരനെയാണ് കഴുത്തിന് പിടിച്ച് തള്ളുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാരോപിക്കുന്നത്.
എന്നാൽ കുന്നംകുളത്ത് വച്ച് പാരഡൈസ് ബസ് ജീവനക്കാർ കാറിന്റെ ചാവി ഊരി വാങ്ങുകയും ആശുപത്രിയിൽ പോകുന്ന കാർ യാത്രക്കാരുടെ യാത്ര മുടക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് കാർ യാത്രികരുടെ ബന്ധുക്കളും നാട്ടുകാരും ബസ് തടഞ്ഞു ഡ്രൈവറെ ചോദ്യം ചെയ്തത്.
സ്വകാര്യ ബസ്സിന് സുരക്ഷ ഒരുക്കി വന്ന കുന്നംകുളം പോലീസിനെതിരെയും നാട്ടുകാർ തിരിഞ്ഞതും സംഘർഷത്തിനിടയാക്കി.
രോഗികളുമായി പോകുകയായിരുന്ന കാറിന്റെ താക്കോൽ ബസ് ഡ്രൈവർ ഊരിയെടുത്തതായി ബസ്സിലെ യാത്രക്കാരും സാക്ഷ്യപ്പെടുത്തി.
ബസ്സ് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന കാർ യാത്രക്കാരുടെ പരാതിയിൽ പൊന്നാനി സ്വദേശി യുഹാബ് എന്നയാളെ മെഡിക്കൽ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. ജീവനക്കാരെ അക്രമിച്ചെന്ന പരാതിയിൽ ബസ്സ് ഉടമയും പോലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വച്ചാണ് സംഘം ബസ്സ് തടഞ്ഞത്. പോലീസുകാരനെ അക്രമിച്ചെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാത്രി 11 മണിയോടെ ചങ്ങരംകുളം സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും ചങ്ങരംകുളം പോലീസും തമ്മിൽ വാക്കേറ്റം നടന്നു.പിന്നീട് ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സേന ചങ്ങരംകുളം സ്റ്റേഷനിൽ എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ കുന്നംകുളം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




