കായംകുളത്ത് ക്യാമറ-ആക്സസറീസ് ഷോറൂമിൽ വൻ മോഷണം :10 ലക്ഷം വില വരുന്ന ഉപകരണങ്ങൾ നഷ്പ്പെട്ടു :പോലീസ് അന്വേഷണം ആരംഭിച്ചു.
കായംകുളം കെ.പി. റോഡിലെ ഫോട്ടോ ലിങ്ക് എന്ന ക്യാമറ-ആക്സസറീസ് ഷോറൂമിൽ വൻ മോഷണം നടന്നു. സ്ഥാപനത്തിന്റെ പിൻഭിത്തി തുരന്ന് കടയിൽ കയറിയാണ് മോഷണം നടത്തിയത്.കടയിൽ നിന്നും ഏകദേശം 10 ലക്ഷം രൂപയോളം വിലവരുന്ന ക്യാമറകൾ, ഗോ പ്രോ, വിലപിടിപ്പുള്ള ലെൻസുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് നഷ്ടമായത്. ഇന്ന് രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കടയ്ക്കുള്ളിൽ കയറിയ ഉടൻ തന്നെ മോഷ്ടാവ് ഇൻവർട്ടർ ഓഫ് ചെയ്തതിനാൽ ക്യാമറകൾ പ്രവർത്തനം നിലച്ചു. കടയിലെ ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും, സമീപ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധനയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഓണക്കാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ പെട്രോളിങ് ശക്തമാക്കണം എന്നാവശ്യപ്പെട്ട് കായംകുളം വ്യാപാരി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് സിനിൽ സബാദ് പ്രതികരിച്ചു.

