പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശുഭാന്‍ഷു ശുക്ല
ന്യൂഡല്‍ഹി: നാസയുടെ ആക്‌സിയം-4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ ബഹിരാകാശത്തു നിന്ന് പകര്‍ത്തിയ ഭൂമിയുടെ അപൂര്‍വ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്ക് ശുക്ല സമ്മാനിച്ചു. ശുക്ലയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് മോദി വ്യക്തമാക്കി._*ജൂണ്‍ 25-ന് ഫ്‌ളോറിഡയില്‍ നിന്ന് പുറപ്പെട്ട് ജൂലൈ 15-ന് ഭൂമിയില്‍ തിരിച്ചെത്തിയ ശുക്ല, 41 വര്‍ഷത്തിനിടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ്*_ബഹിരാകാശത്തെ അനുഭവങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്‍റെ ജാക്കറ്റ് ധരിച്ചെത്തിയ ശുക്ലയെ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്.ആക്‌സിയം-4 ദൗത്യത്തിന്‍റെ മിഷന്‍ പാച്ചും ശുക്ല പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കൂടാതെ, ബഹിരാകശത്തു നിന്ന് എടുത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തോടൊപ്പം ശുക്ല പങ്കുവച്ചു. ‘ശുഭാന്‍ഷു ശുക്ലയുമായി മികച്ച ആശയവിനിമയം നടത്തി. അദ്ദേഹത്തിന്‍റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മോദി എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.
