വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ത്രിശൂരിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്ത കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശിയും ചീനിക്കാസ് ബസിലെ ഡ്രൈവറുമായ മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയിനെ (25) യാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.പരാതിക്കാരിയെ 2025 ജൂലൈ 17-ന് വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ റൗണ്ടിലുള്ള ശ്രീ ബുദ്ധ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ അന്ന് യുവതി പരാതി നൽകിയിരുന്നില്ല.എന്നാൽ, 2025 ജൂലൈ 27-ന് രാവിലെ 11:30-ഓടെ കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ചീനിക്കാസ് ബസിൽ വെച്ച് യുവതി ചോദ്യം ചെയ്തതിനെ തുടർന്ന് അക്ഷയ് യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളിലും പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അക്ഷയ്ക്കെതിരെ കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും, യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലും, മറ്റൊരാളുടെ ജീവന് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കാൻ ഇടയാക്കിയ രണ്ട് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.




