കാറ്റിൽ മരം വീണു: തിരുവല്ലയിൽ വീട്ടമ്മ മരിച്ചു.
തിരുവല്ല :ശക്തമായ കാറ്റിൽ മരം വീണ് തിരുവല്ല കുറ്റൂരില്‍ വീട്ടമ്മ മരിച്ചു. തിരുവല്ല; കുറ്റൂർ വടക്കേ മരപ്പാംകുഴിയിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ വത്സല കെ ജി (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണാണ് സംഭവം. വീടിനു പുറകിൽ ഉണക്കാൻ ഇട്ടിരുന്ന പുളി എടുക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് ദാരുണ സംഭവം നടന്നത്. വീട്ടുവളപ്പിലെ വലിയ മാവ് കടപുഴകി ഇവർ നിന്നിരുന്ന , സമീപമുള്ള പ്ലാവിന്റെ മുകളിലേക്ക് വീഴുകയും പ്ലാവിൻ്റെ ശിഖരം ഒടിഞ്ഞ് ഇവരുടെ തലയിലേക്ക് വീഴുകയുമാണ് ചെയ്തത്. മാവ് വീണ് ഇവരുടെ അടുക്കളയും തകർന്നു. ഉടൻതന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.മക്കൾ-സുനിൽകുമാർ ( ഷാർജ) ,സ്മിതാ കുമാരി. മരുമകൾ-സിന്ധു എസ് നായർ.സംസ്കാരം ബുധനാഴ്ച (30/7/25) രാവിലെ 11ന് വീട്ടുവളപ്പിൽ.




