തിരുവല്ലയിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു :യുവാവിന് ദാരുണാന്ത്യം
തിരുവല്ല മന്നംങ്കരചിറയിൽ സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ അതിഗുരുതരാവസ്ഥയിൽ തിരുവല്ലമെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ ആൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിൻ്റെ മകൻ എ എസ് ജയകൃഷ്ണനാണ് (21) മരിച്ചത്.മുത്തൂർ, ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ രഞ്ചിയുടെ മകൻ ഐബി പി രഞ്ചി (20) യാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ മിഷൻ ആശുപത്രിയിലുള്ളത്.മുത്തൂർ പന്നിക്കുഴി സ്വദേശി അനന്തുവാണ് പരിക്കുകളോടെ രക്ഷപെട്ടത്. കാവുംഭാഗം മുത്തൂർ റോഡിൽ മന്നങ്കരചിറ പാലത്തിനടുത്തു വ്യാഴാഴ്ച രാത്രി 11 മണിയോടെ ആണ് അപകടം.കാവുംഭാഗത്തുനിന്ന് മൂത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പാലത്തിലൂടെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് തൂണിലും ഇടിച്ച് രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് വൈദ്യുതിബന്ധവും നിലച്ചു. ഇരുട്ടിൽശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ കെട്ടി വലിച്ച് കാർ കരയ്ക്കടുപ്പിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. വിവരമറിഞ്ഞ് ഇതിനിടയിൽ ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനം നടത്തി.മരിച്ച ജയകൃഷണൻ്റെ മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സുഭദ്ര. ഏക സഹോദരി : ജയശ്രീ.




