അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം വ്യാജപരാതി നൽകി:കോട്ടയത്ത് ധ്യാനകേന്ദ്രത്തിൻ്റെ നടത്തിപ്പുകാർ അറസ്റ്റിൽ
അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം വ്യാജപരാതി നൽകി തെറ്റിധരിപ്പിക്കാൻ ശ്രമിച്ച കേസിൽ കോട്ടയം കിടങ്ങൂർ മരിയൻ ധ്യാനകേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായ തോമസ്, ഭാര്യ ഗീതതോമസ് എന്നിവർക്ക് തടവ് ശിക്ഷ വിധിച്ച് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി. എറണാകുളം സ്വദേശിയായ ധ്യാനകേന്ദ്രത്തിലെ അന്തേവാസിയായിരുന്ന 38 കാരനായ വേണുഗോപാലിൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിധി. 2008 ലാണ് കേസിലെ പ്രതിയായ തോമസ് അന്തേവാസിയായ വേണുപോപാൽ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊട്ടാരക്കര ഭാഗത്ത് വെച്ച് കാണാതായി എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുന്നത്. അന്ന് കേസ് അന്വേഷിച്ച എസ്.ഐ മഞ്ജുലാലാണ് വാദി പ്രതിയാണെന്ന് കണ്ടെത്തുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന വേണുഗോപാൽ ധ്യാനകേന്ദ്രത്തിൽ ബഹളം കാണിച്ചു എന്ന് ആരോപിച്ച് തോമസും ഭാര്യ ഗീതയും ക്രൂരമായി മർദ്ദിക്കുകയും അമിതമായി ഉറക്ക ഗുളിക നൽകി സെല്ലിലിട്ട് പൂട്ടി. ഇതിനിടെ നില വഷളായ വേണുഗോപാലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണപ്പെടുകയായിരുന്നു. ഇത് പൊലീസിൽ നിന്നുമൊക്കെ മറച്ച് വെച്ച് മൃതശരീരം തൈക്കാട് ശ്മശാനത്തിൽ കൊണ്ട് പോയി അടക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തി.




