March 18, 2026

ഇരിങ്ങാലക്കുടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • July 9, 2025
  • 0 min read
ഇരിങ്ങാലക്കുടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ ഗ്യാസ് ചോർന്ന് വീട്ടിൽ തീ പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദമ്പതിമാരിൽ വീട്ടമ്മ മരിച്ചു.

വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രൻ്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് മരിച്ചത്.

പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും.

ഭർത്താവ് രവീന്ദ്രൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

വീട്ടിലെ സിലിണ്ടറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിലേക്കുള്ള കണക്ഷനിൽ നിന്ന് ഗ്യാസ് ചോർന്ന് അടച്ചിട്ടിരുന്ന വീടിനുള്ളിൽ മുഴുവൻ ഗ്യാസ് വ്യാപിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിന് പോയി തിരിച്ചെത്തിയ ഇരുവരും വീടിനുള്ളിലെ സ്വിച്ച് ഇട്ടപ്പോൾ അപകടം ഉണ്ടായതായിരിക്കാം എന്നു കരുതുന്നു.

അപകടത്തിൽ വീടിനുള്ളിലാകെ തീ പടർന്നു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

ഏറെ ദൂരത്തേക്ക് വരെ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിനു മുൻവശത്ത് ഉള്ളിലേക്ക് അടക്കുന്ന സ്റ്റീൽ വാതിൽ പുറത്തേക്ക് തള്ളിത്തുറന്ന നിലയിലാണ്. വാതിലിനു സമീപത്തെ ഭിത്തിക്കും വിള്ളലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *