March 23, 2026

ഏക മറൈൻ ആംബുലൻസ് തിരുവനന്തപുരത്തേക്കു കടത്തി: 3 രക്ഷാബോട്ടുകൾ കട്ടപ്പുറത്ത് :കൊല്ലം കടപ്പുറത്ത് ശോചനീയവസ്ഥ

  • July 4, 2025
  • 0 min read
ഏക മറൈൻ ആംബുലൻസ് തിരുവനന്തപുരത്തേക്കു കടത്തി: 3 രക്ഷാബോട്ടുകൾ കട്ടപ്പുറത്ത് :കൊല്ലം കടപ്പുറത്ത് ശോചനീയവസ്ഥ

കൊല്ലം :കടൽ രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ ഉണ്ടായിരുന്ന ഏക മറൈൻ ആംബുലൻസ് തിരുവനന്തപുരത്തേക്കു കടത്തി. തീരദേശ പൊലീസിന് 3 രക്ഷാബോട്ടുകൾ ഉള്ളതിൽ രണ്ടും കട്ടപ്പുറത്ത്. മത്സ്യത്തൊഴിലാളികളുടേതു പോലെ 2 വള്ളവും വാടകയ്ക്കെടുത്ത 2 ബോട്ടുകളുമാണു ഫിഷറീസ് വകുപ്പിനു നിലവിലുള്ളത്. കടൽക്ഷോഭത്തിലും മറ്റും അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ ജില്ലയിൽ നിലവിലുള്ള സംവിധാനങ്ങളാണിവ.പകരം സംവിധാനം ഒരുക്കാൻ പണമില്ലെന്നു പറഞ്ഞു സർക്കാർ കൈമലർത്തുന്നു.നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ, വാടി, തങ്കശ്ശേരി ഹാർബറുകളും അറബിക്കടലിൽ 12 നോട്ടിക്കൽ മൈൽ വരെ നിരീക്ഷണവുമാണു തീരദേശ പൊലീസിന്റെ പ്രധാന ദൗത്യം. എന്നാൽ കയ്യിലുള്ളതു കിതച്ചു നീങ്ങുന്ന ഒരു ബോട്ട് മാത്രം. രക്ഷാപ്രവർത്തനത്തിനു പോകുന്നവരുടെ ജീവനും അപകടത്തിലാകുന്ന അവസ്ഥയാണ് ജില്ലയിൽ. ബോട്ടുകൾ ‘പേടിച്ചു’ കരയ്ക്കിരിക്കുന്നു ജില്ലയിലെ ഏക തീരദേശ പൊലീസ് സ്റ്റേഷനായ നീണ്ടകര പൊലീസ് സ്റ്റേഷന് 15 വർഷം മുൻപാണ് 3 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി നൽകിയത്– നേത്ര, യോദ്ധ, ദർശന എന്നിവയാണവ. നേത്ര അറ്റകുറ്റപ്പണിയുടെ പേരിൽ 9 വർഷമായി കൊല്ലം പോർട്ടിൽ കരയ്ക്കിരിക്കുന്നു. മറ്റൊന്നിന്റെ പേര് യോദ്ധ എന്നാണെങ്കിലും അതിനു ശക്തിയുള്ള തിരമാലയോടു പോരാടാനുള്ള കരുത്തു പോലുമില്ല. ദർശനയുടെ കാര്യവും കഷ്ടം. 15 വർഷം പഴക്കമുള്ള എൻജിൻ മാറ്റി സ്ഥാപിക്കാൻ സർക്കാരിനു പണമില്ല. ജീവനും ഭീഷണി തങ്കശ്ശേരി വിളക്കുമാടത്തിനു സമീപം കടലിൽ യുവാവ് അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനു പോയ തീരദേശ പൊലീസിന്റെ യോദ്ധ ബോട്ട് എൻജിൻ തകരാറിലായി അപകടത്തിൽ പെട്ടു. 4 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ബോട്ടിൽ ഉണ്ടായിരുന്നവർ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റിൽ അകപ്പെട്ട ബോട്ടിൽ വെള്ളം കയറുകയും ഒരു എൻജിൻ തകരാറിലാവുകയും ചെയ്തു. ബോട്ടിൽ 2 എൻജിൻ ആണ് ഉള്ളത്. പരിചയ സമ്പന്നനായ സ്രാങ്ക് കഠിനശ്രമം നടത്തി തുറമുഖത്ത് ബോട്ട് അടുപ്പിക്കുകയായിരുന്നു. തീരത്തോട് ചേർന്ന് അപകടത്തിൽ പെട്ടതിനാലാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. എൻജിൻ അറ്റകുറ്റപ്പണിക്കായി കോഴിക്കോട്ട് കൊണ്ടു പോയതിനാൽ യോദ്ധ ഇപ്പോൾ പ്രവർത്തിക്കാനാകാതെ കിടക്കുകയാണ്. പാഴായതു കോടികൾ ദർശന ബോട്ട് മാത്രമാണ് ഇപ്പോൾ പ്രവർത്തന ക്ഷമം. എന്നാൽ 15 വർഷം പഴക്കമുള്ളതിനാൽ കടലിൽ പോകുന്നതു അപകടകരമാണ്. രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയാണ്. ഗോവ ഷിപ് യാർഡിൽ നിർമിച്ചതാണ് 3 ബോട്ടുകളും. 5 കോടി രൂപ വീതമാണ് ഓരോ ബോട്ടിനും ചെലവായത്. ഇവയുടെ എൻജിൻ മാറ്റി സ്ഥാപിക്കുകയാണെങ്കിൽ ബോട്ട് കുറെക്കാലം കൂടി പ്രവർത്തന ക്ഷമമാക്കാം. എന്നാൽ ഇതിനുള്ള ഫണ്ട് അനുവദിക്കുന്നില്ല. മറൈൻ ആംബുലൻസ് കടത്തി ജില്ലയ്ക്ക് അനുവദിച്ച മറൈൻ ആംബുലൻസ് 2 വർഷം മുൻപു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. കടൽ ക്ഷോഭത്തിൽ കൂടുതൽ അപകടമുണ്ടാകുന്നതു തിരുവനന്തപുരത്താണെന്നു പറഞ്ഞാണ് ആംബുലൻസ് കൊണ്ടുപോയത്. മൺസൂൺ കാലത്ത് 2 ബോട്ട് വാടകയ്ക്ക് എടുത്താണ് ഫിഷറീസ് വകുപ്പു രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടസ്ഥലത്തു പെട്ടെന്ന് എത്തിച്ചേരാനുള്ള വേഗം ഇവയ്ക്കില്ല. വേഗത്തിൽ എത്തുന്നതിനായി ഫിഷറീസ് വകുപ്പിന് 2 വള്ളം ഉണ്ട്. എന്നാൽ ശക്തമായ കാറ്റിനെയും തിരമാലയെയും അതിജീവിക്കാൻ ഇതിനു കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *