മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ ലഹരിവിൽപ്പന, ; പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ
മലപ്പുറം: മഞ്ചേരിയിൽ ഫർണിച്ചർ കടയുടെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. നാലംഗ സംഘമാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 9.46 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. അര ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരാണ് അറസ്റ്റിലായത്. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായി.മറ്റൊരു സംഭവത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വാദേശിയായ നൂർ ഹുസൈൻ (39) എന്നയാളാണ് അറസ്റ്റിലായത്. റെയിൽവെ സംരക്ഷണ സേനയും എക്‌സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.
