കോഴിക്കോട് ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടം: ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട് ∙ തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ നിർമാണ തൊഴിലാളി ഏലാഞ്ചൻ (30) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റൊരാൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇതിൽ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടർന്ന് സംഭവസ്ഥലത്ത്നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ആദ്യം പുറത്തെടുത്ത രണ്ടു പേരിൽ നിസ്സാരമായ പരുക്കേറ്റ തൊഴിലാളിയാണ് മറ്റൊരാൾ കുടുങ്ങിക്കിടക്കുന്ന വിവരം അറിയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ നിർമാണം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫിസർക്ക് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു.




