മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ച സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്
മലപ്പുറം : മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ പതിനാല് മാസം പ്രായമുള്ള എസൻ എർഹാനാണ് മരിച്ചത്.
കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിരുന്നില്ലെന്നും പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണു കേസെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്.
കുട്ടിക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടായിരുന്നതായി മാതാവ് സമ്മതിച്ചിട്ടുണ്ട്. പാൽകുടിക്കുന്നതിനിടെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്നും ഡോക്ടറെ വിളിച്ചുവരുത്തിയപ്പോൾ മരിച്ചതായി അറിഞ്ഞെന്നുമാണ് രക്ഷിതാക്കളുടെ മൊഴി. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.




