May 15, 2026

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട :പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

  • June 23, 2025
  • 1 min read
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട :പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട , പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. തിരുപ്പൂർ പരപ്പാളയം കുമാരസ്വാമി ലേഔട്ടിൽ സന്തോഷ് (36), പാലക്കാട് കുഴൽമന്ദം ചിതലി മരത്തക്കാട് വീട്ടിൽ രതീഷ് അയ്യപ്പൻ (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. മിനി പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി പ്രധാന പാതയിലൂടെ വരികയായിരുന്ന വാഹനത്തെ ചേലാമറ്റത്ത് വച്ച് പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഊടുവഴിയിലേക്ക് അമിത വേഗതയിൽ പാഞ്ഞു പോവുകയായിരു’ന്നു. പിന്തുടർന്ന് പോലീസ് സാഹസികമായാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് മൂവായിരം രൂപയ്ക്ക് വാങ്ങി ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന. പച്ചക്കറി വ്യാപാരത്തിൻ്റെ മറവിലാണ് കച്ചവടം .പിക്കപ്പ് വാനിൽ മറ്റ് പെട്ടികളുടെ ഒപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു . ഇടയ്ക്ക് വച്ച് കഞ്ചാവ് പായ്ക്കറ്റ് ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ എ.എസ്.പി ശക്തി സിംഗ് ആര്യ, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *