March 14, 2026

തിരുവല്ല കുറ്റൂരിൽ പാടശേഖരത്തിലെ ഒഴുക്കിൽ പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

  • June 19, 2025
  • 1 min read
തിരുവല്ല കുറ്റൂരിൽ പാടശേഖരത്തിലെ ഒഴുക്കിൽ പെട്ട്   പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്: മുങ്ങൽ വിദഗ്ദ്ധർ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി

തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു – രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ മുങ്ങൽ സംഘം നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് ( വ്യാഴം ) രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ. സഹോദരങ്ങൾ : പ്രെയ്സൺ സാബു, ജോഹാൻ സാബു.

Leave a Reply

Your email address will not be published. Required fields are marked *