ഓർമ്മയിൽ സത്യൻ മാഷ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനേതാവ് സത്യനേശ നാടാർ എന്ന സത്യൻ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 54 വർഷം. ന്യൂ ജനറേഷൻ കുട്ടികൾ ഒരു പക്ഷെ കേട്ടിട്ടേ ഉണ്ടാവില്ല ഇങ്ങിനെ ഒരു പേര്.മുഖത്തെ പേശികളിൽ വരെ അഭിനയത്തിന്റെ ഔന്നിത്യം ആവാഹി ച്ചുകൊണ്ട്, ഭാവാഭിനയത്തിന്റെ തിളക്കമുള്ള സൂര്യതേജസ്സായി രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ പ്രോജ്ജ്വല സാന്നിധ്യമായി മാറിയ പൗരുഷത്തിന്റെ ആൾരൂപമായിരുന്നു സത്യൻ.1912 നവംബർ 9 ന് തിരുവനന്തപുരത്ത് ജനിച്ചു. വിദ്വാൻ പരീക്ഷ പൂർത്തിയാക്കി സ്കൂൾ മാഷായി ഔദ്യോഗിക ജീവിതം. രണ്ട് വർഷത്തിന് ശേഷം സെക്രെട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായി നിയമനം. ജോലിയിൽ ആത്മസംതൃപ്തി ലഭിക്കാതെ 1941ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ സത്യൻ മണിപ്പൂരിലെ ബെറ്റാലിയനിൽ ഇന്ത്യയുടെ അതിർത്തി കാവലാളായിരുന്നു. 5 വർഷത്തെ പട്ടാള ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്ന് പോലീസ് സേനയിൽ ചേർന്നു.1947 ൽ പുന്നപ്ര വയലാർ സമരം കൊടുമ്പിരികൊള്ളുമ്പോൾ സ്ഥലം സബ് ഇൻസ്‌പെക്ടർ സത്യനായിരുന്നു. നാടകത്തോടുള്ള അമിതാവേശത്താൽ പോലീസ് ജോലി ഒഴിവാക്കി നാടകങ്ങളിൽ മുഖം കാണിച്ചു. നാടകാഭിനയ മികവ് സിനിമയിലേക്ക് എത്തിച്ചു. 1951ൽ ‘ത്യാഗസീമ’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും 1952ൽ ‘ആത്മസഖി’ എന്ന ചിത്രത്തിലൂടെയാണ് സത്യനെ സിനിമാലോകം അറിയപ്പെടാൻ തുടങ്ങിയത്.1954 ൽ ‘നീലക്കുയിൽ’ എന്ന സിനിമ സത്യന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി. തുടർന്ന് ഭാര്യ, ഉണ്ണിയാർച്ച, ശകുന്തള, ചെമ്മീൻ, മുടിയനായ പുത്രൻ, ഓടയിൽ നിന്ന്, യക്ഷി, അടിമകൾ, വാഴ് വേമായം, അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിന്റെ കഥ, താര തുടങ്ങി അഭിനയത്തിന്റെ തിളക്കമുള്ള വ്യത്യസ്ത ഭാവങ്ങൾ പകർന്നു നൽകി. “കടൽപ്പാലം” എന്ന സിനിമയിൽ അച്ഛനായും മകനായും ഇരട്ട വേഷത്തിൽ അഭിനയിച്ചു. 1969 ലെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് നേടി. 1971 ൽ “കരകാണാക്കടൽ” എന്ന ചിത്രത്തിനും നല്ല നടനുള്ള സംസ്ഥാന അവാർഡ് മരണാനന്തര ബഹുമതിയായി സത്യന് ലഭിച്ചു. 170ൽ പരം മലയാള സിനിമകളിലും നാലോളം തമിഴ് സിനിമകളിലും അഭിനയിച്ചു. ക്യാൻസർ രോഗത്തിന്റെ കടന്നുകയറ്റം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കെ അവസാന ചിത്രമായ ‘അനുഭവങ്ങൾ പാളിച്ചകൾ’ ഷൂട്ടിങ് വേളയിൽ രക്തം ഛർദിച്ച് അവശനായ സത്യൻ സ്വയം കാറോടിച്ച് മദ്രാസിലെ KJ ഹോസ്പിറ്റലിൽ എത്തുന്നു. 1971 ജൂൺ 15 ന് ആ അഭിനയ പ്രതിഭ കേരളക്കരയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കടന്നുപോയി. വിയോഗത്തിന് അരനൂറ്റാണ്ടിനിപ്പുറവും മലയാളിയുടെ മനസ്സിൽ നിന്നും സത്യൻ എന്ന നാമം മാഞ്ഞുപോകാതെ കൂടുതൽ ആവേശത്തോടെ – തിളക്കത്തോടെ ഇന്നും നിറയുന്നു. അഭിനയ ചക്രവർത്തിയുടെ ദീപ്തമായ സ്മരണ ഇന്നും കലയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിലുണ്ട്. ആ അഭിനയ കുലപതിയുടെ സിംഹാസനം ഇന്നും അവിടെ ഒഴിഞ്ഞു കിടക്കുന്നു.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
