സംസ്ഥാനത്ത് അതിതീവ്ര മഴ; എട്ട് ജില്ലകളിൽ കനത്ത ജാഗ്രത: ഇടുക്കി ഡാം തുറന്നു
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. എട്ട് തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഇടുക്കി മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം.
