നാഷണല്‍ ഹെറാള്‍ഡ് കേസ് ;കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍. ഇരുവരും യങ് ഇന്ത്യ ലിമിറ്റഡിന് തുക നല്‍കി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ പണം ചിലവഴിച്ചതില്‍ കമ്പനിക്ക് വ്യക്തതയില്ലെന്നും അന്വേഷണം നടത്തുമെന്നും ഇഡി ചൂണ്ടിക്കാട്ടി.
നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് മേല്‍ പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയിലെന്നാണ് വിവരം. ഡി കെ ശിവകുമാര്‍ 25 ലക്ഷം രൂപ നേരിട്ടും രണ്ടുകോടി ട്രസ്റ്റ് വഴിയും യങ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.രേവന്ത് റെഡ്ഡി നിരവധി പേരോട് യങ് ഇന്ത്യക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. 80 ലക്ഷം രൂപ രേവന്ത് റെഡ്ഡി വഴി യങ് ഇന്ത്യ ലിമിറ്റഡില്‍ എത്തി എന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ അക്കൗണ്ടുകളില്‍ പണം എത്തിയത്. തുക എങ്ങനെ ചിലവാക്കി എന്നതില്‍ വ്യക്തതയില്ലെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
