ഇന്ന് ലോക’നഴ്സ്’ ദിനം
1965 മുതൽ ഓരോ വർഷവും മെയ് 12 നഴ്സ് ദിനമായി നാം ആചരിച്ചു വരുന്നു. 1820 മെയ് 12 ന് ജനിച്ച നഴ്സിങ്ങിന്റെ സ്ഥാപക ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണ് ആ മഹതിയുടെ ജന്മദിനം തന്നെ നഴ്സ് ദിനമായി ആചരിക്കുന്നത്. ധരിക്കുന്ന തൂവെള്ള വസ്ത്രത്തേക്കാളും തലപ്പാവിനെക്കാളും തിളക്കമുള്ള വെണ്മയും വിശുദ്ധിയും സദാ വിടർന്നു നിൽക്കുന്ന പൂനിലാവിന്റെ ആ പുഞ്ചിരിയും നഴ്സ് എന്ന വിഭാഗത്തിന്റെ മാത്രം ഐഡന്റിറ്റിയാണ്. സേവനവും പരിചരണവും ജീവിത സപര്യയായി തിരഞ്ഞെടുത്ത ഇവരുടെ ത്യാഗസമ്പൂർണ്ണമായ ജീവിതത്തിന്റെ തിളക്കമാർന്ന മുഹൂർത്തങ്ങളെ വാഴ്ത്തപ്പെടുകയും സേവന സന്നദ്ധതയെ സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടു വരികയുമാണ് നഴ്സ് ദിനം കൊണ്ട് അർത്ഥമാക്കുന്നത്. യാതനക്ക് പലപ്പോഴും വേദന മാത്രം വേതനമായി ഏറ്റുവാങ്ങി ആശുപത്രികളിലും ആതുര കേന്ദ്രങ്ങളിലും വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ ദിനരാത്രങ്ങൾ തള്ളിനീക്കാൻ വിധിക്കപ്പെട്ടവർ, ഡോക്ടറുടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ പഴി കേൾക്കാനും പ്രഹരം ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവർ. കാലത്തിന്റെ കണക്കു പുസ്തകത്തിൽ എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം എഴുതി ചേർക്കുന്ന ഹതഭാഗ്യർ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നാട്ടിലും വിദേശത്തും രാപ്പകൽ വേല എടുത്ത് തളരുന്ന ഈ വെള്ളരിപ്രാവുകൾക്ക് കൂടുതൽ വേതനവും, തൊഴിലിടങ്ങളിലെ സുശക്തമായ സംരക്ഷണവും ഉണ്ടായേ മതിയാകു. ആ ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
