May 15, 2026

സംസ്ഥാനത്ത് വീണ്ടും നിപ ; മലപ്പുറം വളാഞ്ചേരിസ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.

  • May 8, 2025
  • 0 min read
സംസ്ഥാനത്ത് വീണ്ടും നിപ ; മലപ്പുറം വളാഞ്ചേരിസ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരിയ്ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇക്കാര്യം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സംശയം ഉണ്ടായപ്പോൾ മുതൽ ജാഗ്രത നിർദേശം നൽകി. പ്രതിരോധ പ്രവർത്തനം ഊർജിതമാകും എന്നും മന്ത്രി പറഞ്ഞു.

മെയ് ഒന്നിന് പനി ബാധിച്ച് വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ചികിത്സയ്ക്കെത്തിയത്. ഭേദമാവാത്തതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവം കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലും പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും പരിശോധിച്ചു. രണ്ടു ഫലങ്ങളും പോസിറ്റീവാണ്.

സംശയമുയർന്നപ്പോൾ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ അവലോകനയോഗവും ചേർന്നു

എന്താണ് നിപ ?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് മനുഷ്യരിൽ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ രോഗി ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *