മാമുക്കോയഎന്ന സാധാരക്കാരൻ.. നടൻ, മനുഷ്യ സ്നേഹി കഷ്ടപ്പാടിൽ നിന്നും കലാകാരനായ തേരാളി.നടന്‍ മാമുക്കോയ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 2 വർഷം
കോഴിക്കോട് പള്ളിക്കണ്ടി മമ്മദിന്റെ മകനായി 1946 ജൂലൈ 5 ന് മാമുക്കോയ ജനിച്ചു. കോഴിക്കോടൻ ഭാഷയും സ്വാഭാവിക നർമ്മവുമായി മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത മാമുക്കോയ ഹാസ്യത്തിന് പുതിയ ഒരു മുഖവുര കുറിച്ച നടനായിരുന്നു. ജീവിതത്തിലും സിനിമയിലും ഒരു നടന്റെ നാട്യങ്ങളൊ, തലക്കനമോ ഒന്നുമില്ലാതെ തനി കോഴിക്കോട്ടുകാരനായിതന്നെ മാമുക്കോയ ജീവിച്ചു. കോഴിക്കോട്ടെയും കുറ്റിച്ചിറയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് കല്ലായിലെ മരവിപണിയിൽ സേട്ടു മാരുടെ കണക്കെഴുത്തുകാരനായി ഉപജീവനം. മര മില്ലുകളിൽ മറ്റു തൊഴിലാളികൾക്കൊപ്പം കഠിനാധ്വാനം ചെയ്യുമ്പോൾ പണ്ട് പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന നാടകത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച നാടക ഭൂമികയിലേക്ക് എത്തിച്ചു. തൊഴിൽ കഴിഞ്ഞാൽ നാടക ക്യാമ്പ്, അതൊരു വഴിത്തിരിവായിരുന്നു.കല്ലായിൽ നാടക, സംഗീത ക്‌ളബ്ബുകൾ അതിനു വളമേകി. 1962 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന നാടകത്തിനു വേണ്ടി ആദ്യമായി മാമുക്കോയ മുഖത്ത് ചായം മിനുക്കി. അനേക വർഷം വിവിധ നാടകങ്ങളിലൂടെ വേദിയിൽ എത്തി. കോഴിക്കോട്ടെ പ്രഗത്ഭ നാടക ആചാര്യൻ KT മുഹമ്മദ്, ഗായകൻ കോഴിക്കോട് അബ്ദുൽ ഖാദർ, സംഗീത സംവിധായകൻ MS ബാബുരാജ്, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി പോലുള്ള എന്നിവരുമായുള്ള സൗഹൃദം നാടക വേദികളെ സമ്പന്നമാക്കി. അത് സിനിമ ലോകത്തേക്കുമുള്ള വഴി തെളിയിച്ചു. ജഗതിയും, ഇന്നസെന്റും, കുതിരവട്ടം പപ്പുവും, മാളയും അടക്കം നിറഞ്ഞുനിന്ന മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകി പ്രേക്ഷകരുടെ ഹൃദയത്തിൽ മാമുക്കോയ അതിവേഗം സ്ഥാനം പിടിച്ചു. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരനായിരുന്നു അദ്ദേഹം തനി നാടൻ മലയാളം ജനം ഏറ്റെടുത്തു ചിരിച്ചു. നാടക സിനിമ അഭിനയ സമയം അല്ലാത്തപ്പോഴൊക്കെ അദ്ദേഹം തന്റെ നാട്ടുകാർ, സാധാരണ ജനത്തിനൊപ്പം അങ്ങാടിയിൽ, കവലകളിൽ ജീവിച്ചു. സഹായിച്ചു. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ സിനിമ യിലെ “അറബി മാഷ് ” കഥാപാത്രം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 1988 ലെ സത്യന്റെ തന്നെ നാടോടിക്കാറ്റ് മോഹൻലാൽ സിനിമയിലെ “ഗഫൂർക്കാ ദോസ്ത് ” കഥാപാത്രം വർഷം എത്ര കഴിഞ്ഞാലും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. 1989 ലെ സിദ്ധിഖ് ലാലിന്റെ ആദ്യ സിനിമ രാംജി റാവു സ്പീക്കിങ്ങിലെ ഹംസക്കയെ ചിരിയോടെയും സങ്കടത്തോടെയും പ്രേക്ഷകർ ഇന്നും ഓർക്കുന്നു. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് തീയറ്ററുകളെ ത്രസിപ്പിച്ചു നിർത്തിയ മാമുക്കോയ 2004 ൽ ഏറ്റവും നല്ല ഹാസ്യ നടനുള്ള സംസ്ഥാന അവാർഡും 2008 ൽ പെരുമഴക്കാലം എന്ന ചിത്രത്തിൽഏറ്റവും നല്ല സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി, 450 ളം സിനിമകളിൽ വേഷമിട്ടു. സാമ്പത്തികമായി ഏറെ നേട്ടങ്ങൾ ഉണ്ടായപ്പോൾ. തന്റെ കൂടെ കല്ലായി മരമില്ലുകളിൽ കൂലിപണി ചെയ്തിരുന്ന എല്ലാ സുഹൃത്തുക്കളെയും അദ്ദേഹം സഹായിച്ചു ചേർത്തു പിടിച്ചു. വീട്ടിൽ സഹായം ചോദിച്ചു വരുന്നവരെയൊക്കെ തന്നെ കൊണ്ട് കഴിയും വിധം സഹായിച്ചു. 2023 ഏപ്രിൽ 26 ന് 78 ആം വയസിൽ ആ എളിമയുള്ള കലാകാരൻ കഥാവശേഷേനായി. സിനിമ മേഖലയിൽ നിന്നും പ്രഗത്ഭരും പ്രശസ്തരും ഒന്നും ആ വലിയ മനുഷ്യന്റെ അവസാന ദിവസം വന്നില്ല എന്ന് ജനങ്ങൾക്ക് പരിഭവം ഉണ്ടായിരുന്നു എങ്കിലും, ആ അന്ത്യയാത്രക്ക് ഏകദേശം 2 KM ളം നീളത്തിൽ സാധാരണക്കാർ മയ്യത്തിനൊപ്പം ഖബർ സ്ഥാനിലേക്ക് നടന്നു നീങ്ങിയെങ്കിൽ.. മാമുക്കോയ എന്ന വ്യക്തിക്ക് ജനഹൃദയങ്ങളിൽ ഉണ്ടായിരുന്ന സ്ഥാനം എന്തെന്ന് കൂടുതൽ വർണിക്കേണ്ടതില്ല. റിപ്പോർട്ട് Hr. സലിം കാവശ്ശേരി




