വേട്ടുതറ അടിപ്പാത സമരം:സമരസമിതി നേതാക്കൾക്കെതിരെ ആക്രമണം
ദേശീയ പാതയിൽ കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിലെ പ്രധാന പോയിൻ്റും നീണ്ടകര-അടൂർ പാതയുടെ തുടക്കഭാഗവുമായ വേട്ടുതറ ജങ്ഷനിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന തുടർ സമരം ഒരു മാസം പിന്നിട്ടതോടെ സമരം കൂടുതൽ ശക്തമായി. വൻ ജനപിന്തുണയാണ് ജനകീയ സമരത്തിന് ലഭിക്കുന്നത്. ദേശീയപാതാ അതോറിട്ടിയുടെ അശാസ്ത്രീയമായ അലൈൻമെൻ്റാണ് സമരത്തിന് കാരണമായത്.സംസ്ഥാനത്തെ സുപ്രധാന മത്സ്യബന്ധന മേഖലയായ നീണ്ടകരയിൽ നിന്നും ജില്ലയുടെ വടക്ക്-കിഴക്കൻ മേഖലയിലേക്കും പത്തനംതിട്ട ജില്ലയുടെ അടൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുമുള്ള പ്രധാന പാതയാണ് നീണ്ടകര,തെക്കുഭാഗം, തേവലക്കര മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നീണ്ടകര-അടൂർ പാത. നിലവിലെ അലൈൻമെൻ്റ് മാറ്റിയില്ലെങ്കിൽ ഈ പാതയുടെ പ്രസക്തി നഷ്ടപ്പെടുകയും പതിനായിരങ്ങൾ കിലോമീറ്ററുകൾ ചുറ്റി കഷ്ടപ്പെടുകയും ചെയ്യുമെന്ന സ്ഥിതി സംജാതമാകും.തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിൽ നിന്നാണ് നാഷണൽ ഹൈവേയുടെ രണ്ട് റീച്ചിൻ്റെ നിർമാണത്തിനായി അഷ്ടമുടിക്കായൽ ഖനനം ചെയ്ത് മണ്ണ് കൊണ്ടുപോകുന്നത്. സമര പ്രചാരണത്തിൻ്റെ ഭാഗമായി മണൽ ലോറികൾ തടയുന്നതിൻ്റെ സൂചനയെന്നോണം ഇന്ന് പകൽ വേട്ടുതറയിലെ സമരപ്പന്തലിന് മുന്നിൽ ഹൈവേ നിർമാണത്തിന് മണ്ണ് കയറ്റി പോയ ലോറികളിൽസമരസമിതി പോസ്റ്റർ പതിച്ചിരുന്നു.ഇതിനിടെ ഒരു ലോറി ഡ്രൈവർ സമരസമിതി അംഗങ്ങളുമായി വാക്കേറ്റമുണ്ടാവുകയും സമരസമിതി നേതാവും തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ ബീനാ ദയനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ലോറി ഡ്രൈവർ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബീനാദയനെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചി പ്രഭാകരൻ,വൈസ് പ്രസിഡൻ്റ് പ്രഭാകരൻപിള്ള,സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാധിപൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രദീപ് എസ് പുല്യാഴം, മീന, അപർണ, രാജഗോപാൽ,സീതാലക്ഷ്മി,സിന്ധുമോൾ സമരസമിതി നേതാക്കളായ കെ.ആർ. രവി,ബി.കെ. വിനോദ്, മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ സമര പന്തലിൽ സമരം തുടരുന്നതിനിടെ മണ്ണ് കയറ്റി വന്ന മറ്റ് മൂന്ന് ലോറികൾ കൂടി സമരപ്പന്തലിൻ്റെ മുന്നിൽ നിർത്തിയിട്ട് ഗതാഗത തടസം സൃഷ്ടിക്കുകയും സമര സമിതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗതാഗതം തടസപ്പെടുത്തിയ ലോറിയും ഡ്രൈവറേയും ചവറ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സമരസമിതിയിലെ വനിതാ അംഗങ്ങളെ സ്ത്രീകളെ അധിക്ഷേപിച്ച ഡൈവർക്കെതിരെ സമര സമിതി നേതാക്കൾ പൊലിസിൽ പരാതി നൽകി. വേട്ടുതറ അടിപ്പാതയെന്ന ആവശ്യം നേടിയെടുക്കും വരെ സമരം തുടരുമെന്നു സമരസമിതി അറിയിച്ചു.
റിപ്പോർട്ട് എംഗൽസ് ചവറ
