ഓർമ്മയിൽ സീതി സാഹിബ്.
കേരള നിയമസഭ മുൻ സ്പീക്കറും മുസ്ലിം ലീഗ് നേതാവുമായിരുന്ന
KM സീതി സാഹിബിന്റെ വിയോഗത്തിന് ഇന്ന് 64 വർഷം. 1898 ൽ കൊടുങ്ങല്ലൂരിലെ ഒരു സമ്പന്ന കുടുംബത്തിൽ ഹാജി സീതി മുഹമ്മദിന്റെ മകനായി ജനനം. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1917 ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദമെടുത്തു. തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1921ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് വിദ്യാർത്ഥിയായിരിക്കെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. മുൻനിര സ്വാതന്ത്ര്യ സമര പ്രവർത്തകൻ വക്കം മൗലവിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു.
1928 ൽ കൊച്ചിൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സീതി സാഹിബ് കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 1930 ലെ ചരിത്ര പ്രസിദ്ധമായ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. ഒരു വർഷത്തിനുശേഷം, അദ്ദേഹം വീണ്ടും കൊച്ചിൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിനുള്ളിലെ പടല പിണക്കത്താൽ 1933 ൽ അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്തായി. 1934 മുതൽ അദ്ദേഹം മുസ്ലീം ലീഗിൽ സജീവമായി. 1946 ലും തുടർന്ന് 1952 ലും മലപ്പുറം മണ്ഡലത്തിൽ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു,
കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം 1960 ലെ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചു. 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961 ഏപ്രിൽ 17 ന് സ്പീക്കറായിരിക്കെ 63 ആം വയസിൽ അദ്ദേഹം മരണപ്പെട്ടു.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
