എലവഞ്ചേരിയിൽ കൂട്ടിൽ കയറിയ മലമ്പാമ്പ് മൂന്ന് കോഴികളെ വിഴുങ്ങി.

എലവഞ്ചേരി : കിഴക്കേമുറിയിൽ രാത്രിയിൽ കൂട്ടിനകത്തു കടന്ന മലമ്പാമ്പ് മൂന്ന് വലിയ കോഴികളെ വിഴുങ്ങി. കർഷകനായ ടി.എം. ചിത്രേഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ മലമ്പാമ്പ് കയറി കോഴികളെ ഭക്ഷിച്ചത്. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് ഇതേ കോഴിക്കൂട്ടിൽ കയറി മലമ്പാമ്പ് കോഴികളെ പിടിക്കുന്നത്. കഴിഞ്ഞ ജൂൺ 22നും രണ്ട് കോഴികളെ മലമ്പാമ്പ് പിടികൂടിയിരുന്നതായി ചിത്രേഷ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പതിവുപോലെ കൂട് തുറന്നുവിടാൻ പോയപ്പോഴാണ് കൂട്ടിനുള്ളിൽ മലമ്പാമ്പിനെ കണ്ടത്. കൂടിന്റെ മുകളിലെ വിടവിലൂടെ ഉള്ളിൽ കയറിയതാകാമെന്നാണ് സംശയിക്കുന്നത്. കോഴികളെ വിഴുങ്ങി ശരീരം വണ്ണം വെച്ചതോടെ പാമ്പിന് പുറത്തേക്ക് കടക്കാൻ കഴിയാതെ വരികയായിരുന്നു. കൊല്ലങ്കോട് വനംവകുപ്പ് ഓഫീസിൽനിന്ന് സുനിൽ, ദേവദാസ് എന്നിവർ അടങ്ങുന്ന ആർ.ആർ.ടി. സംഘമെത്തി പാമ്പിനെ ചാക്കിലാക്കി തെന്മലയിലെ കാട്ടിൽ വിട്ടയച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി