March 17, 2026

കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംഗീത-നൃത്ത മേളയായ ‘ആർട്ട് ബിയോണ്ട് ആർട്ട്’ മാർച്ച് 20 മുതൽ

  • March 17, 2026
  • 1 min read

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംഗീത-നൃത്ത മേളയായ ‘ആർട്ട് ബിയോണ്ട് ആർട്ട്’ മാർച്ച് 20 മുതൽ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിൽ നടക്കും. കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന ‘കല, കാലം, കലാപം’ എന്ന ഔട്ട്റീച്ച് പ്രോഗ്രാം പരമ്പരയുടെ സമാപനം കുറിച്ചുകൊണ്ടാണ് ത്രിദിന മേള അരങ്ങേറുന്നത്.കലാസ്വാദകനായ കേളി രാമചന്ദ്രനാണ് പരിപാടി ക്യൂറേറ്റ് ചെയ്യുന്നത്. മേളയിലെ കലാപ്രകടനങ്ങൾ എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. കല വെറുമൊരു വിനോദത്തിനപ്പുറം സമൂഹത്തിലെ സംഘർഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവർ നിത്യേന അനുഭവിക്കുന്ന വേര്‍തിരിവുകളെയും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒന്നായിരിക്കും ഇത്. മേളയിലെ മൂന്ന് അവതരണങ്ങളും നിലവിലെ കാലഘട്ടത്തിലെ സംഘർഷങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ സംവാദങ്ങളാണെന്നും ക്യൂറേറ്റർ കേളി രാമചന്ദ്രൻ പറഞ്ഞു.
മാർച്ച് 20-ന് ആദ്യദിനത്തില്‍ സന്ദീപ് സിംഗ് അവതരിപ്പിക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ദിൽറൂബ, തൗസ് കച്ചേരി നടക്കും. ദിൽറൂബ ഒരു ശാസ്ത്രീയ സംഗീത ഉപകരണത്തിന്റെ ചരിത്രം, പരിണാമം എന്നതിനെക്കുറിച്ച് ഈ അവതരണത്തിലൂടെ വ്യക്തമാകുമെന്ന് കേളി രാമചന്ദ്രൻ പറഞ്ഞു. മാർച്ച് 21-ന് നർത്തകി നടരാജും സംഘവും ഭരതനാട്യം അവതരിപ്പിക്കും. ട്രാൻസ്ജെൻഡർ എന്ന പദം പോലും അധികം ആരും ഉപയോഗിക്കാത്ത കാലത്ത് നൃത്തത്തിലൂടെ ലിംഗപരമായ പ്രതിസന്ധികളെ മറികടന്ന വ്യക്തിയാണ് പത്മശ്രീ ജേതാവായ നർത്തകി നടരാജ്. തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ‘അരവാണി’ എന്നതിന് പകരം ‘തിരുനങ്ങൈ’ എന്ന വാക്ക് ഉപയോഗിക്കാൻ മുൻകൈ എടുത്തതും അവരായിരുന്നു.മേളയുടെ സമാപന ദിവസമായ മാർച്ച് 22-ന് സംഘർഷഭരിതമായ മണിപ്പൂരിന്റെ പശ്ചാത്തലത്തിലുള്ള അവതരണമാകും നടക്കുക. റൂബൻ മഷാങ്‌വ അവതരിപ്പിക്കുന്ന ‘ബ്ലൂസ്, ബാലഡ്‌സ് ആൻഡ് ദ മ്യൂസിക് വേൾഡ് ഓഫ് നാഗാസ്’ എന്ന പരിപാടി മണിപ്പൂരിലെ തങ്ഖുൽ നാഗ വിഭാഗത്തിന്റെ ഗോത്രവർഗ്ഗ നാടോടി സംഗീത പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നു.
ഗോത്രസംഗീതം എങ്ങനെ ലോകമെമ്പാടുമുള്ള വിവിധ സംഗീത ശൈലികളുമായി സംവദിക്കുന്നുവെന്നും പരിസ്ഥിതി, സ്ത്രീകള്‍, കല എന്നിവയെ സംഗീതത്തിലൂടെ ഒരു നാടോടി ഗായകൻ എങ്ങനെ കാണുന്നുവെന്നും ഈ 90 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിലൂടെ അവതരിപ്പിക്കുകയാണ്. ഗോത്ര സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *