ഞാങ്ങാട്ടിരി യു.പി സ്കൂളിലെ വിദ്യാർത്ഥിനികൾ കേശദാനം നടത്തി വീണ്ടും മാതൃകയായി
ഞാങ്ങാട്ടിരി യു.പി സ്കൂളിലെ വിദ്യാർത്ഥിനികൾ കേശദാനം നടത്തി വീണ്ടും മാതൃകയായി.കാർക്കൂന്തലിൻ്റെ നീളത്തിലും വർണ്ണത്തിലും മേനി നടിക്കുന്നവർക്കിടയിൽ ഞാങ്ങാട്ടിരി യു.പി സ്കൂളിലെ വിദ്യാർത്ഥിനികൾ വീണ്ടും ശ്രദ്ധ നേടി. വിദ്യാലയത്തിലെ ആറു വിദ്യാർത്ഥിനികളാണ് അവർ ഓമനിച്ച് വളർത്തി വന്നിരുന്ന തങ്ങളുടെ മുടി അർബുദ രോഗികൾക്കായി ദാനം ചെയ്യാൻ തയ്യാറായത്. രണ്ട് വർഷം മുമ്പ് ഇതേ സ്കൂളിൽ പഠിച്ചിരുന്ന 4 കുട്ടികൾ മുടി ദാനം ചെയ്തതിൻ്റെ പ്രചോദനം ഉൾകൊണ്ടാണ് വീണ്ടും 6 കുരുന്നുകൾ മഹത്തായ ഈ പ്രവൃത്തി ചെയ്യാൻ തയ്യാറായിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ കാൻസർ രോഗികളുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിച്ചു വരുന്ന പുനർജ്ജനി എന്ന സംഘടനയുമായി സഹകരിച്ചാണ് കേശദാനം പരിപാടി സ്കൂളിൽ സംഘടിപ്പിച്ചത്.
അർബുദത്തിൻ്റെ പിടിയിൽ അകപ്പെട്ട് മുടി കൊഴിഞ്ഞ് മാനസിക പ്രയാസം അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ യാതൊരു പരപ്രേരണയുമില്ലാതെ തയ്യാറായ ഈ നന്മനിറഞ്ഞ കുരുന്നുകൾകൊപ്പം അവരുടെ ഒരു അധ്യാപികയും തൻ്റെ മുടി ദാനം ചെയ്തു കൊണ്ട് മാതൃകയായിരിക്കുകയാണ്.. സ്വാതി, പ്രണവ്യ, പവിത്ര , അനന്യ, അഭിരാമി, ഫിദ ഫാത്തിമ എന്നീ വിദ്യാർത്ഥിനികളും അധ്യാപികയായ ടി.എം. രമയും, മെഡിക്കൽ വിദ്യാർത്ഥിനിയായ ആമിന ഹുസൈൻ തട്ടത്താഴത്തും കേശദാനം നടത്തി മറ്റുള്ളവർക്ക് മാതൃകയായി തീർന്നിരിക്കുന്നത്.ഹെഡ്മാസ്റ്റർ അനിൽകുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.
റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്
