എം. എ. കോളേജിൽ ഇന്റഗ്രേറ്റേഡ് ബയോളജി ശില്പശാല
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇന്റഗ്രേറ്റേഡ് ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എം. എ. കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. സിജു തോമസ് ടി ശില്പശാല ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം മേധാവി മിന്നു ജോസ് അധ്യക്ഷത വഹിച്ചു.മലപ്പുറം വളാഞ്ചേരി എം ഇ എസ് കെവീയം കോളേജ് അധ്യാപിക ഷെഫിൻ ബി ശില്പശാല നയിച്ചു.ജീവി വർഗങ്ങളിലെ പൂർണ ജനിതക ഘടനയെക്കുറിച്ചുള്ള പഠനമായ ജീനോമിക്സിനെക്കുറിച്ചും, പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനമായ പ്രോട്ടിയോമിക്സിനെക്കുറിച്ചും അവർ വിദ്യാർത്ഥികളുമായി സംവദിച്ചു.ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന മേഖലയാണ് ജിനോമിക്സ് എന്നും, ബയോഇൻഫർമാറ്റിക്സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണു ജീനോമിക്സിലെ ഗവേഷണങ്ങളിലേറെയുമെന്നും, നൂതനമായ കംപ്യൂട്ടിങ് വിദ്യകൾ ഇതിനു വേണ്ടിവരുമെന്നും ഷെഫിൻ പറഞ്ഞു . അധ്യാപകരായ ഡോ.ശരത് ജി നായർ, ഡോ. ബ്ലെസ്സി ജോൺ,മഞ്ജുഷ സി ഗോപി,ഡോ. ധന്യ പി നാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
റിപ്പോർട്ട് അനീഷ് ചുനക്കര




