മഹാകുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽആരംഭിച്ചു
അടുത്ത 45 ദിവസത്തിനിടെ മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഏകദേശം 45 കോടിയോളം സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ
റിപ്പോർട്ട് ഷിജു ജോസഫ്
ഭൂമിയിലെ ഏറ്റവും വലിയ കൂടിച്ചേരലായി കണക്കാക്കപ്പെടുന്ന മഹാകുംഭമേള, പ്രയാഗ്‌രാജിൽ ഗംഗ, യമുന, ദേവകൽപമായ ശരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ തിങ്കളാഴ്ച വെളുപ്പിന് ആരംഭിച്ചു. ഔദ്യോഗികകണക്കനുസരിച്ചു, ഇന്നലെ (ഞായറാഴ്ച) മാത്രം പ്രയാഗ്‌രാജിലെ സംഗമത്തിൽ ഏകദേശം 50 ലക്ഷം പേർ പുണ്യസ്നാനം നടത്തി.അടുത്ത 45 ദിവസത്തിനിടെ മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഏകദേശം 45 കോടിയോളം സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും ഇതെന്ന് കരുതുന്നു.വെളുപ്പിന് പൗർണ്ണമിയിൽ ‘ശാഹി സ്‌നാൻ ‘ (രാജകീയ സ്നാനം) ആരംഭിച്ചതോടെ മഹാകുംഭ് 2025 നു തുടക്കമായി. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ എൻ.ഡി.ആർ.എഫ് ടീമുകളും ഉത്തർപ്രദേശ് പൊലീസിന്റെ വാട്ടർ പൊലീസ് യൂണിറ്റുകളും നിയോഗിക്കപ്പെട്ടിണ്ടുണ്ട് .മഹാകുംഭമേളയുടെ വ്യോമാകാഴ്ചയുടെ ഭംഗി ആസ്വദിക്കാനായി ഇത്തവണ ഹെലികോപ്റ്റർ സവാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ യാത്രകളുടെ നിരക്ക് ഓരോ വ്യക്തിക്കും ₹1,296 ആയി കുറച്ചിട്ടുണ്ട്. ജനുവരി 13 മുതൽ ആരംഭിക്കുന്ന എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സവാരി കുംഭമേഖല ഉൾപ്പെടുന്ന പ്രയാഗ്‌രാജ് നഗരം വ്യത്യസ്ത ദൃശ്യത്തിൽ അനുഭവിക്കാൻ ടൂറിസ്റ്റുകൾക്ക് അവസരം നൽകുന്നു.മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്കായി മൂന്ന് ആശുപത്രികൾ ഭദോഹി ജില്ലയിലെ ഔറായ്, ഗോപിഗഞ്ച്, ഉഞ്ച് പോലിസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ ജനുവരി 14 മുതൽ പൂർണമായും പ്രവർത്തനസജ്ജമാകും.ഞായറാഴ്ച കുംഭമേള നടക്കുന്ന സ്ഥലത്തിന് സമീപമായി സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ പ്രതിമ സ്ഥാപിച്ചതിനെത്തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടു. ചില സന്യാസിമാർ ഇതിനെതിരെ എതിർപ്പുമായി മുന്നോട്ട് വന്നു. ഏകദേശം 3 അടി ഉയരമുള്ള ഈ പ്രതിമ, മുലായം സിംഗ് യാദവ് സ്മൃതി സേവാ സൻസ്ഥാൻ സെക്ടർ 16-ൽ സ്ഥാപിച്ചിരിക്കുന്ന ക്യാമ്പിന് സമീപമാണ് ഉയർത്തിയിരിക്കുന്നത്.മേള സ്ഥലത്തുനിന്ന് ഇതുവരെ അതിക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.