മൃതദേഹങ്ങൾ ഗംഗാനദിയിൽ തള്ളി: കുംഭമേളയിൽ ഭക്തർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ ആഞ്ഞടിച്ചു ജയാ ബച്ചൻ
പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുക്കിയതായും ഗംഗാനദി വൻതോതിൽ മലിനപ്പെട്ടിരിക്കുകയാണെന്നും ആരോപിച്ചു സമാജ്‌വാദി പാർട്ടി എം.പി ജയബച്ചൻ ഉയർത്തിയ വിവാദം കത്തിപ്പടരുകയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ചു, ജനുവരി 29നു ‘അമൃത സ്നാൻ’ അഥവാ മൗനി അമാവാസ്യ ദിനത്തിന് ഒരു ദിവസം മുൻപ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാർലമെന്റിന് പുറത്തു വാർത്താ ഏജൻസികളോട് സംസാരിക്കവെ “ഇന്ന് വെള്ളം ഏറ്റവും മലിനമായിരിക്കുന്ന സ്ഥലം എവിടെയാണ് ? കുംഭമേളസ്ഥലത്താണ്, അതിനെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല, അവരുടെ *(തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ) മൃതദേഹങ്ങൾ നദിയിൽ തള്ളിയതിനാൽ വെള്ളം വൻതോതിൽ മലിനമായിരിക്കുകയാണ്.
സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളമാണിത്. ഇതിനെക്കുറിച്ച് ആരും ഒരു വിശദീകരണവും നൽകുന്നില്ല.” ജയാബച്ചൻ പറഞ്ഞു”സാധാരണ ഭക്തർക്കായി യാതൊരു സംവിധാനവും അവിടെ ഒരുക്കിയിട്ടില്ല, വി.ഐ.പികൾക്കായി എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തിരിക്കുന്നു. കുംഭമേളയിലെത്തിയ ആളുകളുടെ എണ്ണം സർക്കാർ പെരുപ്പിച്ചുകാണിക്കുകയാണെന്നും അന്ന് കുംഭമേളയിൽ എന്താണ് സംഭവിച്ചതെന്നതിനെപറ്റിയെങ്കിലും ഉത്തർപ്രദേശ് സർക്കാർ സത്യം പറയണം, ബി.ജെ.പി സർക്കാർ അക്കാര്യം പാർലമെന്റിൽ സംസാരിക്കാനുള്ള ധൈര്യം കാണിക്കണം” അവർ പറഞ്ഞു.
റിപ്പോർട്ട് ഷിജു ജോസഫ്