ചെങ്ങന്നൂരിൽ ഹരിത കർമ്മ സേനാംഗത്തിന് ജോലിക്കിടയിൽ പാമ്പു കടിയേറ്റു.
ചെങ്ങന്നൂർ: ജോലിക്കിടയിൽ ചെങ്ങന്നൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു. ചെങ്ങന്നൂർ തിട്ടമേൽ തോട്ടത്തിൽ പി.ജി. വത്സല (50) യ്ക്കാണ് പാമ്പു കടിയേറ്റത്. നഗരസഭയുടെ ഉടമസ്ഥയിലുള്ള പെരുങ്കുളം പാടത്ത് ഹരിതകർമ്മസേന എം.സി.എഫിൽ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ വേർതിരിക്കുന്നതിനിടയിൽ ചാക്കുകൾക്കിടയിൽ ഉണ്ടായിരുന്ന പാമ്പ് ഇന്ന് ( തിങ്കൾ 03.02.2025) ഉച്ചയ്ക്ക് 12:45 ഓടെ വത്സലയുടെ വലതു കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന ഹരിത കർമ്മ സേനാംഗങ്ങൾ വത്സലയെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സംഭവം അറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ, നഗരസഭാ സെക്രട്ടറി ടി.വി. പ്രദീപ്കുമാർ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ, നഗരസഭ കൗൺസിലർമാർ, ഹരിത കർമ്മ സേനാനാംഗങ്ങൾ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി നഗരസഭാ ആംബുലൻസിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം 24 മണിക്കൂർ നിരീക്ഷണത്തിലാക്കണമെന്നതിൻ്റെ ഭാഗമായി വത്സലയെ ആശുപത്രി ഐ.സി.യു. യൂണിറ്റിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും ഗുരുതരമല്ലെന്നും ഹരിത കർമ്മസേനയുടെ ചുമതലയുള്ള സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ പറഞ്ഞു.
റിപ്പോർട്ട് അനീഷ് ചുനക്കര