എറണാകുളം മെഡിക്കൽ കോളേജിൽ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് :286.66 കോടി രൂപ ചിലവിൽ
കാൻസർ സെൻ്ററിന് പിന്നാലെ മെഡിക്കൽ കോളേജിൽ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും.286.66 കോടി രൂപ ചിലവിൽ എറണാകുളം മെഡിക്കല്‍ കോളേജിൽ നിർമ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും പ്രവർത്തനോദ്ഘാടനത്തിലേക്ക് നീങ്ങുകയാണ്. 8 നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മെയ് മാസത്തിൽ നാടിന് സമർപ്പിക്കാനുള്ള ത്വരിത പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. കൊച്ചിൻ കാൻസർ സെൻ്റർ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും, തൊട്ടുപിന്നാലെ മെയ് മാസം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ഉദ്ഘാടനം ചെയ്യും. 800ലധികം കിടക്ക, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ പുതിയ ടെക്നോളജിയോടുകൂടിയ സൗകര്യങ്ങൾ എല്ലാം ഇവിടെ ലഭ്യമാകും. ഈ ബ്ലോക്ക് പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മെഡിക്കൽ കോളേജ് മാറും. പദ്ധതിയിൽ ഒട്ടും കാലതാമസം വരാതിരിക്കാൻ ഒന്നിടവിട്ട ശനിയാഴ്ചകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പദ്ധതിപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം മന്ത്രിതല കൂടിക്കാഴ്ചകളും നടക്കുന്നു. സമയബന്ധിതമായി നിർമ്മാണപ്രവർത്തനം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിനാളുകൾക്ക് വളരെ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കും.




