കൊച്ചിൻ കാൻസർ സെന്റർ :384 കോടി രൂപ പദ്ധതിയിൽ :360 കിടക്കകളും ഒപ്പം അത്യാധുനിക സംവിധാനങ്ങളും: ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും:പി രാജീവ്
റേഡിയേഷനായി ഒന്നര മണിക്കൂറോളം കിടക്കേണ്ടി വരുന്ന കാൻസർ രോഗി. കാൻസർ ബാധിച്ച കോശത്തെ മാത്രമല്ല ആരോഗ്യമുള്ള കോശത്തെ വരെ കൊന്നൊടുക്കുന്ന റേഡിയേഷൻ.. പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട രോഗികൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കണ്ടറിഞ്ഞ വേദനയിൽ നിന്നാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ലീനിയർ ആക്സിലേറ്ററിന്റെ ചർച്ചകൾ തുടങ്ങുന്നതെന്ന് മന്ത്രി പി രാജീവ് . വർഷങ്ങൾക്ക് ശേഷം നിരവധി ജനപ്രതിനിധികളുടെയും സംഘടനകളുടെയും പിന്തുണയോടെ ആ സ്വപ്നം 2018ൽ യാഥാർത്ഥ്യമായി. എന്നാൽ അതിനുമെത്രയോ മുൻപ് തന്നെ കൊച്ചിയിൽ ഒരു കാന്‍സര്‍ സെന്റര്‍ എന്ന ആവശ്യത്തിന് ബഹുമാനപ്പെട്ട വി ആർ കൃഷ്ണയ്യർ തുടക്കമിട്ടിരുന്നു. എറണാകുളം ജില്ലയിൽ ഒരു കാൻസർ സെൻ്റർ എന്ന അദ്ദേഹത്തിൻ്റെയും ജനങ്ങളുടെയും ദീർഘകാല ആവശ്യം ഒടുവിൽ ഈ സർക്കാരിൻ്റെ കാലത്ത് സാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ്. 384 കോടി രൂപയുടെ പദ്ധതി 2025 ഫെബ്രുവരി മാസം ആദ്യവാരം നാടിന് സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയോടെ അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് സെൻ്റർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. 360 കിടക്കകളും ഒപ്പം അത്യാധുനിക സംവിധാനങ്ങളും ഇവിടെ സർക്കാർ ഒരുക്കുന്നുണ്ട്. ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്.കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം കൂടിവന്നപ്പോഴാണ് കൊച്ചിയിലും ഒരു കാൻസർ ചികിത്സാ കേന്ദ്രമെന്ന ആശയം കൃഷ്ണയ്യർ സാമി മുന്നോട്ടുവച്ചത്. അന്നുമുതൽ നിരവധിയായുള്ള ക്യാമ്പെയിനുകൾക്ക് ജനങ്ങളെ അണിനിരത്തിക്കൊണ്ട് നേതൃത്വം കൊടുത്തിരുന്നു. അന്നത്തെ ആ ക്യാമ്പെയിനുകളുടെയും ബഹുജനപരിപാടികളുടെയുമെല്ലാം പ്രതിഫലമായി ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നിർമ്മാണോദ്ഘാടനം നടത്തിയ കൊച്ചിൻ കാൻസർ സെൻ്റർ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രവർത്തനോദ്ഘാടനത്തിന് തയ്യാറാകുകയാണ്. ക്യാൻസർ പഠനത്തിനുൾപ്പെടെ പ്രാധാന്യം നൽകുന്നതിനൊപ്പം റോബോട്ടിക്സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ ഭാവിയിൽ പ്രാപ്തമാക്കാൻ കഴിയും വിധത്തിൽ നിർമ്മാണം ഉറപ്പുവരുത്തിയാണ് ഈ സെൻ്ററിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ഇവിടെ സ്ഥലം ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .




