വിവാഹമോചനം സംബന്ധിച്ച് അപവാദപ്രചരണം: നിയമനടപടിക്ക് ഒരുങ്ങി എആര്‍ റഹ്മാൻ
വിവാഹമോചനം സംബന്ധിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ തെറ്റായ വീഡിയോകൾ പങ്കുവെച്ച യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ അപവാദപ്രചരണം നടത്തിയ വീഡിയോകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. എ ആർ റഹ്മാന് വേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു എ ആർ റഹ്മാൻ വിവാഹമോചന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ ചില യൂട്യൂബ് ചാനലുകളിൽ ചർച്ചകൾ വന്നു.