മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു.
മംഗലാപുരം: ഉഡുപ്പി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഉഡുപ്പി വനമേഖലയിലെ ഹെബ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കർണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. അട്ടപ്പാടി, നിലമ്പൂർ, വയനാട് വനമേഖലയിൽ സജീവമായിരുന്നു ഇയാൾ. നിലവിൽ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്സൽ ഫോഴ്സുമായി വെടിവെപ്പുണ്ടായത്. അഞ്ച് പേർ ഉണ്ടായിരുന്ന സംഘത്തിൽ നാല് പേർ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാണ്.നേരത്തെ കബനീദളത്തിന്റെ കമാണ്ടറായിരുന്നു വിക്രം ഗൗഡ. എന്നാൽ പിന്നീട് ഭിന്നതയുണ്ടായതിനാൽ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പൊലീസ് ഇതിനെ സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. നിലമ്പൂർ കരുളായി ഏറ്റുമുട്ടലിന് ശേഷം വിക്രം നാടുകാണി ദളത്തിന്റെ ചുമതല വഹിച്ചിരുന്നു.