തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: പി.വി. അൻവറിനെതിരേ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പോലീസ്
നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസെടുക്കും.
അൻവറിനെതിരേ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദേശം ലംഘിച്ച് പി.വി. അൻവർ വാർത്താ സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ചൊവ്വാഴ്ച രാവിലെയാണ് പി.വി. അൻവർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ഇവിടുത്തെ പരസ്യപ്രചാരണം തിങ്കളാഴ്ച സമാപിച്ചിരുന്നു. വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി. അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താസമ്മേളനം തടയുന്നതെന്നും അൻവർ ആരോപിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.