മഞ്ചേശ്വരം കോഴക്കേസ് : ഹൈക്കോടതി ഇന്ന് പരിഗണിക്കും
റിവിഷന്‍ ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ ഇന്ന് മറുപടി നല്‍കിയേക്കും
റിപ്പോർട്ട് അശ്വതി
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. റിവിഷന്‍ ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ ഇന്ന് മറുപടി നല്‍കിയേക്കും. വിടുതല്‍ ഹര്‍ജി അംഗീകരിച്ച കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് നിലവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെ ആണെന്നാണ് സര്‍ക്കാരിന്റെ വാദം.
സമയ പരിധി കഴിഞ്ഞ് കുറ്റം ചുമത്താന്‍ കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും കെ സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ടെന്നും, അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണക്കോടതിയുടെ നടപടിയെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലെ വാദം. കൂടാതെ സുപ്രിംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് വിചാരണക്കോടതിയുടെ ഉത്തരവ്. വിടുതല്‍ ഹര്‍ജിയില്‍ വിചാരണക്കോടതി നടത്തിയത് വിചാരണയ്ക്ക് സമമായ നടപടിക്രമങ്ങളാണ്. ഇതും നിയമ വിരുദ്ധമാണ്. കെ സുരേന്ദ്രനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതിലും വിചാരണക്കോടതിക്ക് പിഴവ് പറ്റി. സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും ഹർജിയിൽ പറയുന്നു.