അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് :ട്രംപിന് വൻമുന്നേറ്റം
മൂന്ന് സ്വിങ് സ്റ്റേറ്റുകളിൽ ഡൊണാൾഡ് ട്രംപ് വ്യക്തമായ മുന്നേറ്റം നടത്തുമ്പോൾ രണ്ടു സംസ്ഥാനങ്ങളിൽ കമല ഹാരിസ് മുന്നേറി.
റിപ്പോർട്ട് ജലജ ജയേഷ്
ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട ഫലസൂചനകളും പുറത്ത് വന്ന് തുടങ്ങി. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വൻമുന്നേറ്റം. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. മൂന്ന് സ്വിങ് സ്റ്റേറ്റുകളിൽ ഡൊണാൾഡ് ട്രംപ് വ്യക്തമായ മുന്നേറ്റം നടത്തുമ്പോൾ രണ്ടു സംസ്ഥാനങ്ങളിൽ കമല ഹാരിസ് മുന്നേറി. സ്വിങ്ങ് സ്റ്റേറ്റുകളിലെ പ്രകടനമാകും പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുക. സ്വിങ്ങ് സ്റ്റേറ്റുകളിലെ ട്രംപിൻ്റെ മുന്നേറ്റം വ്യക്തമായ തിരഞ്ഞെടുപ്പ് ഫലസൂചനകളാണെന്ന വിലയിരുത്തലും പുറത്ത് വന്നു കഴിഞ്ഞു. ഇതുവരെ പുറത്ത് വന്ന ഫലസൂചനകൾ പ്രകാരം 20 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുകയാണ്.
24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം. കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാർക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പർ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോർഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കൽ സ്‌കാനറുകൾ വഴിയാണ് പേപ്പർ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കും. അന്തിമ പട്ടിക പൂർത്തിയായാലും ഫലം സ്വയം പരിശോധിക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് സമയം നൽകും. .
വാശിയേറിയ പ്രചാരണമായിരുന്നു സ്ഥാനാർത്ഥികളായ കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ പ്രചാരണകാലയളവിൽ ഒട്ടാകെ ഉണ്ടായത്. ബൈഡൻ ഭരണകാലത്ത് സാമ്പത്തിക നില തകർന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോൾ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രവർത്തിക്കുമെന്നായിരുന്നു കമലയുടെ വാദം. അവസാനഘട്ട അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്.