ഇന്ന് കേരളപ്പിറവി ദിനം
ഇന്ന് കേരളപ്പിറവി ദിനം നവംബർ ഒന്ന് കേരളത്തിന് 68 വയസ്.
റിപ്പോർട്ട് ജലജ ജയേഷ്
വികസനത്തിന്റെയും ക്ഷേമത്തിന്റെയും ജീവിത നിലവാരത്തിന്റെയും മേഖലകളിൽ സമാനതകളില്ലാത്ത വളർച്ച 68 വർഷങ്ങൾ കൊണ്ട് നാം കൈവരിച്ചു. ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് നമ്മുടെ നേട്ടങ്ങൾ വളർന്നു. കേരള വികസന മാതൃക എന്നൊരു ആശയം തന്നെ രൂപപ്പെട്ടു. ജീവിതനിലവാര സൂചികകളിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം, സാമൂഹ്യ നീതി, അധികാരവികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെല്ലാം പുരോഗമനപരവും സുസ്ഥിരവുമായ വികസന സംസ്കാരം രൂപപ്പെടുത്തുവാൻ സാധിച്ചു. മാനവികവും മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ ജനതയായി നാം മാറി. കേരളീയ നവോത്ഥാനത്തിന് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ തുടർച്ചകളുണ്ടായി. ഇടതുപക്ഷ രാഷ്ട്രീയം ആ മുന്നേറ്റത്തിന് സാർത്ഥകമായ നേതൃത്വം നൽകി. കേരളം നമ്മുടെ അഭിമാനമാണ്. ലോകത്ത് എവിടെയും മലയാളി എന്ന നിലയിൽ നാം ആദരിക്കപ്പെടുന്നു. നമ്മുടെ ഭാഷയും സംസ്കാരവും ചരിത്രവും നമുക്ക് ഉയർത്തിപ്പിടിക്കാം. കേരളപ്പിറവി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ