മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്.
ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല.
റിപ്പോർട്ട് അശ്വതി
പാലക്കാട്: ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെ പോലെ നടക്കുകയല്ലെയെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു.
ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്ന് മാറിപ്പോകണമെന്നും കൃഷ്ണദാസ് രോഷത്തോടെ ആവശ്യപ്പെട്ടു. എല്ലാവരോടും സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് തന്റെ മുന്നിലേക്ക് വരണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറാന്‍ പറഞ്ഞാല്‍ മാറിക്കോളണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അദ്ദേഹം പടികയറിയത്. നേരത്തെ, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിക്കാന്‍ കൃഷ്ണദാസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്.
ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നും ആരോപിച്ചാണ് പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടത്.
പത്തുനാല്പ്പതുപേര് ഇരിക്കുന്ന ഒരു യോഗത്തില്‍വച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നില്ക്കാന് ആവാത്തതിനാല്‍ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും അബ്ദുള്‍ ഷുക്കൂര്‍ വ്യക്തമാക്കി. പാലക്കാട് ഓട്ടോ ടാക്സി യൂണിയന് ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍.




