ജമ്മു കശ്മീർ ഭീകരാക്രമണം :മരണം ഏഴായി
തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
റിപ്പോർട്ട് ജലജ ജയേഷ്
ശ്രീനഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി മേഖലയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നിരവധി നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മരണംഖ്യഇനിയും ഉയർന്നേക്കാനാണ് സാധ്യത. തൊഴിലാളികൾക്കും സ്വദേശികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഒമർ അബ്ദുള്ള എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തൊഴിലാളികൾക്ക് നേരെ നടന്ന ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണമാണ്. മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.