കുളനടയിൽ സീരിയൽ നടിയുടെ കാർ വാഹനങ്ങളിൽ ഇടിച്ച് അപകടം.

റിപ്പോർട്ട് അനീഷ് ചുനക്കര
പന്തളം: കുളനടയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. നടിക്കെതിരെ പൊലീസ് കേസെടുത്തു.നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.