ബിഹാറിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം:ബോഗികൾ കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ബിഹാറിലെ സാസറാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ ട്രെയിനിലെ ചില ബോഗികൾ കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സാസറാമിൽ നിന്ന് പട്നയിലേക്ക് പോകാൻ തയ്യാറായി നിന്നിരുന്ന ട്രെയിനിലാണ് അപകടമുണ്ടായത്. സാസറാം റെയിൽവേ സ്റ്റേഷനിലെ ആറാം പ്ലാറ്റ്ഫോമിൽ കിടന്നിരുന്ന ട്രെയിനിൽ നിന്നാണ് തീ ഉയർന്നത്.കോച്ചിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരെയും റെയിൽവേ ജീവനക്കാരെയും ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെ റെയിൽ ഗതാഗതം ഭാഗികമായി ബാധിച്ചു.തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു.




