നിയമസഭാ തിരഞ്ഞെടുപ്പ്പത്തനാപുരത്ത് യുഡിഎഫ് – ബിജെപി ഡീൽ:കെ ബി ഗണേഷ് കുമാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ. പ്രചാരണ രംഗത്തുപോലും എൻഡിഎ സജീവമല്ലായിരുന്നുവെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. പത്തനാപുരത്തെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.പത്തനാപുരത്ത് എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 7,031 വോട്ടുകൾ മാത്രമാണെന്നും 2016 ൽ 11,700 ഉം 2021 ൽ 12,398 ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് കുറവുണ്ടായതെന്നും അദ്ദേഹം കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണെന്നും ബിജെപി ജയിച്ച പല വാർഡുകളിലും വോട്ടുകൾ രണ്ടക്കം കടന്നില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണ്ണരൂപം
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ ……………………………2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്… ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം…അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല..





