വിജയ് ആരാധകർ ഒരുമിക്കുന്നു:കേരളത്തിലും TVK പാർട്ടി വരുന്നു
തിരുവനന്തപുരം: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടി കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ ഏതാനും വിജയ് ആരാധകരുടെ നേതൃത്വത്തിലാണ് കേരള ഘടകം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.അംഗത്വ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കാനാണ് ആലോചന. ഈ ആപ്പിലൂടെ സംസ്ഥാനത്തുടനീളം അംഗങ്ങളെ ചേർക്കുകയും പാർട്ടി പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യും.കേരളത്തിലെ വിവിധ ജില്ലകളിൽ വിജയ് ആരാധക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ രീതിയിൽ സംഘടനാ അടിത്തറ ഒരുക്കാനാണ് നീക്കം. തുടർന്ന് സംസ്ഥാന കൺവെൻഷൻ വിളിച്ചു ചേർത്ത് അതിൽ വിജയ് പങ്കെടുക്കുന്ന തരത്തിൽ പരിപാടി സംഘടിപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകളിൽ സജീവമായിരിക്കുന്ന വിജയ് യുടെ പാർട്ടി കേരളത്തിലേക്കും എത്തുന്നതോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങുന്നത്.




