നാടോടിക്കാറ്റ് മുതൽ സന്ദേശം വരെ:വിപിൻ മോഹന് സമഗ്ര സംഭാവന പുരസ്‌കാരം
കൊച്ചി: ഫെഫ്കയ്ക്ക് കീഴിലെ ചലച്ചിത്ര ഛായാഗ്രാഹ കലാകാരന്മാരുടെ സംഘടനയായ CUMAC സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത സിനിമാറ്റോഗ്രാഫർ വിപിൻ മോഹന് സമ്മാനിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനായ സണ്ണി ജോസഫിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.ചടങ്ങിൽ പ്രമുഖ ഛായാഗ്രാഹകരായ അഴകപ്പൻ, പി. സുകുമാർ, നമ്പ്യാതിരി, കെ.ജി. ജയൻ, ഷാജി കുമാർ, സുജിത്ത് വാസുദേവ്, ജിബു ജേക്കബ് എന്നിവർ പങ്കെടുത്തു. പുതിയ തലമുറയിലെ പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകരെയും ചടങ്ങിൽ ആദരിച്ചു.മലയാളികളുടെ മനസിൽ ഇടം നേടിയ ഒട്ടേറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വിപിൻ മോഹൻ, സംവിധായകൻ സത്യൻ അന്തിക്കാടുമായി ചേർന്നുണ്ടാക്കിയ സിനിമകളിലൂടെ മലയാള സിനിമയിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ്. സന്ദേശം, തലയണമന്ത്രം, മഴവിൽക്കാവടി, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്കു സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം.എ, വരവേൽപ്പ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പൊൻമുട്ടയിടുന്ന താറാവ്, കളിക്കളം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, തൂവൽ കൊട്ടാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു.

മികച്ച സിനിമാറ്റോഗ്രഫിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിപിൻ മോഹൻ നൂറ്റിപന്ത്രണ്ടിലേറെ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ബാലചന്ദ്ര മേനോൻ, ജി.എസ്. വിജയൻ, വേണു നാഗവള്ളി, ലാൽ ജോസ്, അനിൽ ബാബു എന്നിവരടക്കമുള്ള സംവിധായകരുടെ വിശ്വസ്ത സിനിമാറ്റോഗ്രാഫറായിരുന്നു അദ്ദേഹം.ഏപ്രിൽ 18, ഘോഷയാത്ര, ഓർക്കപ്പുറത്ത്, പ്രേമഗീതങ്ങൾ, അർച്ചന ടീച്ചർ, ഞാറ്റടി, കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, സർവകലാശാല, പെരുവണ്ണപ്പുറത്തെ വിശേഷങ്ങൾ, രണ്ടാം ഭാവം, മുല്ല, പ്രിയം, മയിൽപീലിക്കാവ്, മണ്ണാടിയാർ പെണ്ണ് ചെങ്കോട്ട ചെക്കൻ, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യസംവിധാനവും വെളിച്ച-നിറങ്ങളുടെ വൈവിധ്യമാർന്ന ഉപയോഗവും അദ്ദേഹത്തിന്റെ മികവിന്റെ തെളിവുകളാണ്.CUMAC ന്റെ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് സംഘടനയുടെ പുതിയ ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. അവാർഡ് ജേതാക്കൾക്കും പുതിയ കമ്മിറ്റിക്കും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അഭിനന്ദനങ്ങൾ അറിയിച്ചു.





