കൊടകരയിൽ കെഎസ്ആർടിസി ബസ് അപകടം; മീഡിയൻ തകർത്ത് മതിലിൽ ഇടിച്ചു
തൃശൂർ: എൻഎച്ച് 544ൽ കൊടകര പെരിങ്ങാക്കുളത്ത് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു. ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ടത്. റോഡിലെ രണ്ട് മീഡിയനും കടന്ന് ബസ് എതിർവശത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.അപകടത്തിൽ ഡ്രൈവറുടെ കാൽ മതിലിൽ ഇടിച്ചതിനെ തുടർന്ന് കുടുങ്ങിപ്പോയതായി വിവരം. തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ബസ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധന നടക്കുകയാണ്.




