May 8, 2026

റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന 11കാരനെ രക്ഷിച്ച് തൃശൂർ റൂറൽ പൊലീസ്; 20 മിനിറ്റിൽ ദൗത്യം പൂർത്തിയാക്കി

  • May 6, 2026
  • 0 min read
റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന 11കാരനെ രക്ഷിച്ച് തൃശൂർ റൂറൽ പൊലീസ്; 20 മിനിറ്റിൽ ദൗത്യം പൂർത്തിയാക്കി

ഇരിങ്ങാലക്കുട: റെയിൽവേ ട്രാക്കിന് സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ കണ്ടെത്തി സുരക്ഷിതനാക്കി തൃശൂർ റൂറൽ പൊലീസ്. പൊലീസിന്റെ സമയോചിത ഇടപെടലും കൃത്യമായ ഏകോപനവും മൂലം വെറും 20 മിനിറ്റിനുള്ളിൽ പിഞ്ചുജീവൻ രക്ഷിക്കാനായി.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ഓടെ മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ അമ്മയുമായി പിണങ്ങി പരിഭ്രാന്തനായി ഓടിയ കുട്ടി പെട്ടെന്ന് കാണാതാകുകയായിരുന്നു. ഇതുകണ്ട നാട്ടുകാരിലൊരാൾ ആളൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ സനില ഉടൻ തന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലേക്കും പട്രോളിംഗ് സംഘത്തിനും കൈമാറി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അടിയന്തര തിരച്ചിലിന് നിർദേശം നൽകി.ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, പ്രിൻസിപ്പൽ എസ്‌.ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്‌.ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ശക്തമാക്കി.അപകടസാധ്യത കണക്കിലെടുത്ത് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടു ആ സമയത്ത് കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യിക്കുകയും ചെയ്തു.റെയിൽവേ പാളത്തിലൂടെ തിരച്ചിൽ നടത്തിയ സി.പി.ഒമാരായ ശ്രീജിത്തും സിനേഷും കുട്ടിയുടെ അച്ഛനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവേ ഗേറ്റിനും മനപ്പടി റെയിൽവേ ഗേറ്റിനും ഇടയിലുള്ള മരക്കൂട്ടങ്ങൾക്കിടയിൽ കുട്ടിയെ കണ്ടെത്തിയത്.ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിന് സമീപത്തെ കാടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. പൊലീസ് ഉദ്യോഗസ്ഥർ സമാധാനപരമായി കുട്ടിയെ സംസാരിച്ച് അനുനയിപ്പിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *